കാസര്‍കോട്: കുമ്പളപ്പളളിയില്‍ അയല്‍വാസിയായ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ ശ്രീധരന(48)നാണ് അറസ്റ്റിലായത്. അയല്‍വാസിയും ബന്ധുവുമായ കെ കണ്ണന്‍ (80)നെ ശ്രീധരന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കൊല നടന്നത്. കണ്ണന്റെ വീട്ടിലെത്തി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കണ്ണന്‍ മരണപ്പെട്ടു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീധരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. പ്രതിയെ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. ജില്ലാശുപത്രിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പ്രതി നേരത്തെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അയല്‍വാസിയുടെ വീടിന്ന് മുകളില്‍ വെട്ടുകത്തിയുമായി കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. അന്ന് പൊലീസും അഗ്നി രക്ഷാസേനയുമെത്തി രക്ഷിക്കുകയായിരുന്നു. ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു.
