പാഴ്‌വേല വീണ്ടും

നാരായണന്‍ പേരിയ

‘കരടിന് കാബിനറ്റ് അംഗീകാരം നല്‍കി’. നിയമസഭാ സമ്മേളനം സംബന്ധിച്ച പത്രവാര്‍ത്ത. കരടിനോ? എന്തിന്റെ കരടിന്?
‘മലയാളം ഔദ്യോഗിക ഭാഷയാകുക എന്നതാണ് ഇതിന്റെ വലിയ നേട്ടം’. എന്ന് പിന്നാലെ പറയുന്നുണ്ട്. മലയാളം കേരള സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള ബില്ലിന്റെ കരട് രൂപത്തിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്. സ്പീക്കറുടെ അനുമതിയോടെ അത് സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കണം. അപ്പോഴാണ് ബില്ല് അക്ഷരാര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെടുക. നടപടികള്‍ പലതും ബാക്കിയുണ്ട്.
ഇതാണ് വലിയ നേട്ടം എന്ന് വാഴ്ത്തുന്ന കരടിന്റെ കഥ. ഒരു പുതിയ ബില്ല് പാസ്സാക്കുമ്പോള്‍, അതിനായി ഒരു പ്രത്യേക വകുപ്പും മന്ത്രിയും ഭാഷാ ഡയറക്ടറേറ്റും മറ്റും ഉണ്ടാകണമല്ലോ. കരടില്‍ നിര്‍ദ്ദേശങ്ങളുണ്ടത്രേ. എന്നാല്‍, അതോടൊപ്പം സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകും. ഭാരം കൂടും. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കും. അതുണ്ടാവില്ല എന്ന് ലേഖകന്‍ അറിയിക്കുന്നു. ഇതര വകുപ്പുകളില്‍ നിന്ന് ജീവനക്കാരെ നിയോഗിക്കാവുന്നതേയുള്ളൂ എന്ന് പോം വഴി.
ബില്‍ നിയമമാകുമ്പോള്‍ ആദ്യം ചെയ്യുക സംസ്ഥാന സ്ഥാപനങ്ങളുടേതടക്കം എല്ലാ ബോര്‍ഡുകളും മലയാളത്തിലെഴുതുക എന്നതാണത്രേ. ഒരു സംശയം. ആരെഴുതും? മലയാളം തെറ്റ് കൂടാതെ എഴുതാനറിയുന്നവര്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അതിഥിത്തൊഴിലാളികളെ നിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. മലയാളം തന്നെയോ എന്ന്.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയാറ് നവമ്പര്‍ ഒന്നാം തീയ്യതി- കേരളപ്പിറവി. അന്നാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ കേരള സംസ്ഥാനവും രൂപം കൊണ്ടത്. ഭരണവൃത്തങ്ങളില്‍ എന്ത് നടക്കുന്നു എന്ന് ഭരിക്കപ്പെടുന്നവര്‍ നേരിട്ട് അറിയണം. അതിന് ഭരണ ഭാഷാ പ്രാദേശിക ഭാഷയാകണം. മലയാളികളെ മലയാളത്തില്‍ ഭരിക്കണം എന്നര്‍ത്ഥം. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. അത്‌കൊണ്ടാണല്ലോ, രണ്ടായിരത്തി ഇരുപത്തഞ്ചാമാണ്ടിന്റെ അവസാനമെത്തുമ്പോള്‍ കരട് തേടേണ്ടി വന്നത്.
ഈ നീണ്ട കാലയളവില്‍ എത്രപ്രാവശ്യം കരട് ഉണ്ടാക്കുകയും സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസ്സാക്കുകയും ചെയ്തിട്ടുണ്ട്? സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്ന സി പി നായരുടെ ആത്മകഥ-(സര്‍വീസ് സ്റ്റോറി) ‘ എന്തരോ മഹാനുഭാവുലു!’ -എന്റെ ഐ എ എസ് ദിനങ്ങള്‍ എന്ന ബൃഹദ്ഗ്രന്ഥം അവലംബമാക്കി ചില കാര്യങ്ങള്‍ പറയട്ടെ.
ഭരണഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് വി എം സുധീരന്‍ അധ്യക്ഷനായുള്ള നിയമസഭാ എസ്റ്റിമേറ്റ്് കമ്മറ്റി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഓര്‍ക്കുന്നു- (കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്ക് നമ്മുടെ നാട്ടില്‍ സംഭവിക്കാറുള്ള വിധി തന്നെ ഈ റിപ്പോര്‍ട്ടിനും ഉണ്ടായി. ഏതോ അലമാരയില്‍ പൊടിപിടിച്ച് കിടന്നു).
സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ത്തന്നെ ഭരണമേഖലയില്‍ ഉപയോഗിക്കുന്ന (ഉപയോഗിക്കേണ്ട)ഭാഷ മലയാളമായിരിക്കണം എന്ന ഔപചാരിക തീരുമാനമുണ്ടായി. ഒന്നാം ഇ എം എസ് സര്‍ക്കാര്‍ 1957 ആഗസ്റ്റില്‍ കോമാട്ടില്‍ അച്യുത മേനോന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിച്ചത് ആദ്യ നടപടി. അത് കഴിഞ്ഞ് ഇത്രയും കാലം കടന്നുപോയിട്ടും ഭരണഭാഷ മലയാളമാക്കുന്നതില്‍ തൃപ്തികരമായ പുരോഗതി ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റില്‍ 45ശതമാനം ഫയലുകള്‍ മാത്രമാണ് മലയാളത്തിലെഴുതുന്നത് എന്നും, ഇക്കണക്കില്‍ ഭരണഭാഷാ മാറ്റം പൂര്‍ണ്ണമായും മലയാളമാകാന്‍ പതിറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും എന്നും പില്‍ക്കാലത്ത് മറ്റൊരു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു.
ഉദ്യോഗസ്ഥരില്‍ നിന്നും സാധാരണക്കാര്‍ക്ക് ആവശ്യമായ സേവനം ബുദ്ധിമുട്ടില്ലാതെ ലഭിക്കാന്‍, പൂര്‍ണ്ണമായ തോതില്‍ ഭരണഭാഷ മലായളമാകേണ്ടതുണ്ട്. ഈ നയം ശ്രദ്ധാപൂര്‍വ്വം കൈക്കൊണ്ട ആദ്യത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ആയിരുന്നു. ഔദ്യോഗിക ഭാഷാ സ്‌പെഷ്യലോഫീസര്‍ എന്നൊരു തസ്തികയുണ്ടാക്കി. ടി എന്‍ ജയചന്ദ്രനെ ആ തസ്തികയില്‍ നിയമിച്ചു. ഭരണഭാഷ എന്നൊരു മാസിക തുടങ്ങി. ജയചന്ദ്രന്‍ മാറിയതോടെ, സ്‌പെഷ്യലോഫീസര്‍ പദവി തരം താഴ്ത്തപ്പെട്ടു. ഒടുവില്‍ അതൊരു പണിഷ്‌മെന്റ് പോസ്റ്റായി മാറി. (മറ്റൊരു പദവിയിലും കൊള്ളാത്ത, എന്നാല്‍ സര്‍വ്വീസില്‍ നിന്നു പുറത്താക്കാന്‍ തടസ്സമുള്ള ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കാനുള്ള തസ്തിക. സാമ്പത്തിക പ്രതിസന്ധി കൂട്ടാന്‍).
മാതൃഭാഷ പഠിക്കാതെ, പന്ത്രണ്ടാം ക്ലാസ് ജയിക്കാനാകുന്ന മറ്റൊരു സംസ്ഥാനമുണ്ടോ ഭാരതത്തില്‍? ആ അപൂര്‍വ്വ പദവിയും കേരളത്തിന്!
മന്ത്രിസഭാ കുറിപ്പുകള്‍ മലയാളത്തില്‍ത്തന്നെ വേണം എന്ന് ആദ്യമായി നിഷ്‌കര്‍ഷിച്ച മന്ത്രി (1977ല്‍) വനം മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു ആയിരുന്നു.
മന്ത്രിസഭയുടെ നടപടിക്കുറിപ്പുകള്‍- മറ്റ് പത്രവ്യവഹാരങ്ങളും പരമാവധി മലയാളത്തിലാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി ഇ കെ നായനാര്‍(1996-98 കാലത്ത് ചീഫ് സെക്രട്ടറി സി പി നായര്‍) അക്കാലത്ത് ഭരണഭാഷാ വകുപ്പില്‍ പ്രതിജ്ഞാ ബദ്ധരായ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. നടപടി ക്രമങ്ങള്‍ ക്രോഡീകരിച്ച മാന്വലുകള്‍ ലഭ്യമായിരുന്നു മലയാളത്തില്‍. ടി എന്‍ ജയചന്ദ്രന്‍ ആദ്യം പ്രസിദ്ധീകരിച്ച ഭരണശബ്ദാവലി, ഭരണഭാഷാ പ്രയോഗപദ്ധതി എന്നിവ പുനഃപ്രസിദ്ധീകരിച്ചു.
എന്നിട്ടും, ഭരണഭാഷ മലയാളമായോ? വീണ്ടും കരടുണ്ടാക്കുന്നത് തെളിവ്, എത്രമാത്രം ലക്ഷ്യം യാഥാര്‍ത്ഥമായി എന്നതിന് ‘ കത്ത്പൂട്ട്, കാളപൂട്ട്, മരമടി’ പോലെ ഭരണഭാഷയും മലയാളമാക്കാം!
പാഴ്വേല വീണ്ടും!

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page