കാസര്‍കോട്: വിവാദത്തെ തുടര്‍ന്നു വെള്ളിയാഴ്ച വൈകിട്ടു നിറുത്തിവച്ച കുമ്പള ജി എച്ച് എസ് എസ് സ്‌കൂള്‍ കലോത്സവം ഇന്ന് (തിങ്കള്‍) രാവിലെ പുനഃരാരംഭിക്കും. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിലും കോമ്പൗണ്ടിലും കനത്ത പൊലീസിനെ വിന്യസിപ്പിച്ചു. യൂണിഫോമും ബാഡ്ജും ധരിക്കാത്ത വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികളല്ലാത്ത ആരെയും സ്‌കൂള്‍ കോമ്പൗണ്ടിലേക്കു കടത്തിവിടില്ലെന്നും ഇന്‍സ്‌പെക്ടര്‍ ജിജീഷ് മുന്നറിയിച്ചു.

അതേസമയം ബി ജെ പിയും എ ബി വി പിയും സ്‌കൂളിലേക്ക് ഇന്നു മാര്‍ച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ സമാധാനാന്തരീക്ഷം നിലനിറുത്താന്‍ മുന്‍കൈയെടുക്കണമെന്നു സ്‌കൂള്‍ പി ടി എ പ്രസിഡന്റിനോടു പൊലീസ് നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളല്ലാത്ത ആരെങ്കിലും പൊലീസ് നിര്‍ദ്ദേശം അവഗണിച്ചു സ്‌കൂള്‍ കോമ്പൗണ്ടിലോ പരിസരങ്ങളിലോ പ്രവേശിച്ചാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുമെന്നു ഇന്‍സ്‌പെക്ടര്‍ മുന്നറിയിച്ചു.