ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്. വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നതോടെ വിദ്യാരംഭമായി എന്നാണ് വിശ്വാസം. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം അടക്കമുള്ള കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ തിരക്കാണ്. പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിന് സമീപത്തായി ഉച്ചയ്ക്ക് 12.30 വരെയാണ് ചടങ്ങുകൾ. വിദ്യാരംഭ ചടങ്ങുകളിലും ഇന്നലെ നടന്ന രഥോത്സവത്തിലും ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. വൈകിട്ട് വിജയോത്സവത്തോടെയാണ് കൊല്ലൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാവുക.
