ചെന്നൈ: ആപ്പ് സ്റ്റോര്‍ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോ 2021-ല്‍ പുറത്തിറക്കിയ പുതിയ മെസേജിംഗ് കോളിംഗ് ആപ്പാണ് ഇപ്പോള്‍ ആപ്പ് സ്റ്റോര്‍ റാങ്കിംഗില്‍ വാട്സ്ആപ്പിനെ പിന്നിലാക്കി കുതിക്കുന്നത്. വോയ്സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകള്‍, ചാനലുകള്‍, സ്റ്റോറികള്‍, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ അറട്ടൈ ആപ്പില്‍ വാഗ്ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് വണ്‍-ഓണ്‍-വണ്‍ ചാറ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. വോയ്സ് നോട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അയയ്ക്കാനുള്ള ഓപ്ഷന്‍ ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡെസ്‌ക്ടോപ്പുകളിലും (വിന്‍ഡോസ്, മാക്ഒഎസ്, ലിനക്സ്) ആന്‍ഡ്രോയ്ഡ് ടിവിയില്‍ പോലും ആപ്പ് ഉപയോഗിക്കാന്‍ കഴിയും.
വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 100 മടങ്ങ് വര്‍ധനയുണ്ടായതായി സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം 3,000-ല്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ന്നു. ഒരു ഇന്ത്യന്‍ ഉത്പന്നം എന്ന നിലയില്‍ ഈ ആപ്പിന് മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
