ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെറ്റ സൈനിക ആസ്ഥാനത്ത് വന്‍ സ്‌ഫോടനം. സൈനികര്‍ അടക്കം പത്ത് പേര്‍ മരിച്ചതായി വിവരം. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ബലൂച് വിമതരെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍
32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള എഫ്സി ആസ്ഥാനത്തിന്റെ മുന്‍പിലാണ് സ്‌ഫോടനം നടന്നത്.
അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നു എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ പ്രദേശത്ത് വെടിയൊച്ചയും കേട്ടതായും പ്രദേശവാസികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം മോഡല്‍ ടൗണില്‍ നിന്ന് എഫ്സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് ക്വറ്റയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മുഹമ്മദ് ബലോച്ചിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരക്കേറിയ റോഡില്‍ ശക്തമായ സ്ഫോടനം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
