കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 9.15 ഓടെ ചെര്‍ക്കള സിറ്റിസണ്‍ നഗറിലാണ് സംഭവം. മല്ലത്തുനിന്നും കാസര്‍കോട്ടേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ക്ലാസിക് എന്ന സ്വകാര്യ ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. വലിയ രീതിയില്‍ പുക പുറത്തേക്ക് വരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് പെട്ടെന്ന് സിറ്റിസണ്‍ നഗറില്‍ നിര്‍ത്തുകയായിരുന്നു. പുക കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി ബസില്‍ നിന്ന് പെട്ടെന്നിറങ്ങി. തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യം വന്നതോടെ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെയ നേതൃത്വത്തില്‍ സേനയെത്തിയപ്പോഴേക്കും
ജീവനക്കാര്‍ മെക്കാനിക്കിനെ വിളിച്ച് തകരാര്‍ പരിഹരിച്ചിരുന്നു. ബസിന്റെ എന്‍ജിനിലെ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചപ്പോഴാണ് പുക ഉയര്‍ന്നതെന്നാണ് വിവരം. ബസ് പെരുവഴിലായതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിട്ട് പ്രശ്‌നം പരിഹരിച്ചു.
