മഞ്ചേശ്വരം : ജില്ല നിലവിൽ വന്നു നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും സംസ്ഥാനത്തിർത്തിയായ തലപ്പാടിക്ക് ഒരു മാറ്റവുമില്ല. അതിർത്തി പ്രദേശമെന്ന നിലയിൽ വികസനത്തിൽ സർക്കാർ സംവിധാനങ്ങളുടെയോ,തദ്ദേശ സ്ഥാപനങ്ങളുടെയോ ഇടപെടലുകളൊന്നും ഉണ്ടാകാത്തത് കൊണ്ട് വികസനമിവിടെ വഴിമുട്ടി നിൽക്കുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽപ്പെ ട്ടതാണ് താണ് ഈ അതിർത്തി പ്രദേശം.മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിരാണ് തലപ്പാടി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി “ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്” സ്വാഗതം അരുളുന്ന ഒരു ബോർഡ് മാത്രം തലപ്പാടിയിലുണ്ട്.പിന്നെ സർക്കാറിന് വരുമാനമുണ്ടാക്കാനുള്ള കുറെ ചെക്ക് പോസ്റ്റുകളും.പിന്നെ ആകെയുള്ളത് ഒരു വഴിയോര വിശ്രമ കേന്ദ്രം.
കർണാടക-കേരള കെഎസ്ആർടിസി ബസുകൾ,സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് യാത്രക്കാരെയും കൊണ്ട് തലപ്പാടിയിലെത്തുന്നത്. കർണാടകയിൽ നിന്ന് തലപ്പാടിയിലേക്ക് വരുന്ന ബസ്സുകൾ വേറെയുമുണ്ട് .ഇവിടെയൊരു ബസ്റ്റാൻഡ് പണിയാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. .വിശാലമായ ചെമ്മൺ മൈതാനം മാത്രമായി തലപ്പാടി ബസ്റ്റാൻഡ് ഒതുങ്ങുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനും,പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.25 ഓളം ഓട്ടോറിക്ഷകൾ സ്വയം ഉണ്ടാക്കിയ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിടുന്നു.എത്രയോ കാലമായി ഈ അവഗണന തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.ഈ മേഖലയിൽ നിരവധി മദ്യശാലകൾ ഉള്ളതിനാൽ
സന്ധ്യയായാൽ ഇവിടം സാമൂഹ്യ വിരുദ്ധ താവളമാവുന്നു. മദ്യപന്മാരും , ലഹരി അടിമകളും രാത്രി തലപ്പാടിയിൽ അഭയം തേടുകയാണ്.ഇവിടെ കർണാടക പോലീസ് ഇടപെടാറില്ല,കേരള പോലീസ് ആകട്ടെ ഇവിടേക്ക് രാത്രികാലങ്ങളിൽ എത്താറുമില്ല. വികസനത്തിൽ മുഖം തിരിച്ചു നൽക്കുകയാണ് അധികാരികളെന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ടാവാം അവർ ചോദിക്കുന്നു- തലപ്പാടി കേരളത്തിലാണോ,അതോ കർണാടകത്തിലോ?