കാസര്‍കോട്: മദ്യലഹരിയില്‍ ദേശീയപാതയിലൂടെ ടാങ്കര്‍ ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. തമിഴ് നാട് തഞ്ചാവൂര്‍ സ്വദേശി ബാലസുബ്രഹ്‌മണ്യ(48)നെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 9 മണിയോടെയാണ് കുമ്പള ദേശീയപാതയിലൂടെ ലോറി നിയന്ത്രണം വിട്ടപോലെ ഓടിയത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മദ്യലഹരിയില്‍ ലോറി നീങ്ങുന്നത് ദേശീയപാതാ വിഭാഗത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ ലോറിയെ പിന്തുടര്‍ന്നു. കുമ്പള ദേവീ നഗറില്‍ എത്തിയതോടെ വാഹനം കുറുകെയിട്ട് ലോറി തടഞ്ഞു. ലോറി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ അകത്തെ കാബിനില്‍ കയറി ഉറങ്ങാന്‍ തുടങ്ങി. ദേശീയപാതാ അധികൃതരുടെ വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി അരികിലൊതുക്കിയിട്ടു. എസ് ഐ കെ ശ്രീജേഷ് മദ്യപിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സിഐ പികെ ജിജീഷ് അറിയിച്ചു.
