കാസർകോട്: ഇന്നോവ കാറിൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഒന്നാം പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നുംകൈ സ്വദേശി കെ കെ നൗഫലിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട് )ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം. 2019 ഫെബ്രുവരി മാസം മൂന്നാം തീയ്യതിയാണ് കേസിന്സ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട് എന്ന സ്ഥലത്ത് വെച്ചാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി നൗഫൽ പിടിയിലായത്. ചിറ്റാരിക്കൽ എസ് ഐ ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. ഈ കേസിൽ ഒന്നാം പ്രതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടാം പ്രതി ഭീമനടി കുറുഞ്ചേരി മുരിങ്ങത്ത് പറമ്പിൽ റോണി വർഗ്ഗീസ്(32) എന്നയാൾ ഓടിപ്പോയിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്ത കുന്നുംകൈ അടുക്കളക്കണ്ടം സ്വദേശി സമീർ ഒറ്റതൈ എന്ന മുളകുപൊടി സമീറി(37)നെ കേസിൽ മൂന്നാം പ്രതിയാക്കിയിരുന്നു. പിന്നീട് കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി യുടെ ചുമതലയുണ്ടായിരുന്ന കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ നന്ദനൻ പിള്ളയും, തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായ ടി.എൻ സജീവൻ എന്നിവരുമായിരുന്നു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി വന്ന പി.കെ സുധാകരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ.ചിത്രകല എന്നിവർ ഹാജരായി.
