കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിവി സജീഷ് (40)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ് ചന്ദ്രന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് അപകടം. മയക്കുമരുന്ന് കേസില്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സജീഷ് മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെറുവത്തൂര്‍ സ്വദേശിയായ സജീഷ് നീലേശ്വരം പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.
