ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ കോഴിക്ക് നേരെ ഉതിര്‍ത്ത വെടിയേറ്റ് അയല്‍വാസി മരിച്ചു. മേല്‍മദൂര്‍ സ്വദേശി പ്രകാശാണ് മരിച്ചത്. അണ്ണാമലൈ ആണ് വെടിയുതിര്‍ത്തത്. വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ രക്തം വാര്‍ന്ന് മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാന്‍ വെടിവച്ചപ്പോള്‍ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേല്‍മദൂര്‍ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് സംഭവം. വിരുന്നെത്തിയ മരുമകന് വേണ്ടി നാടന്‍ ചിക്കന്‍ കറി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അണ്ണാമലൈ. വീട്ടില്‍ നിന്നും ഒരു നാടന്‍ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാന്‍ ശ്രമിക്കവേ, അപ്രതീക്ഷിതമായി ലക്ഷ്യം തെറ്റി അടുത്ത വീട്ടില്‍ ഉണ്ടായിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേല്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പ്രകാശിന്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൂടാതെ, ഈ സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളില്‍ നിന്ന് ഒരു നാടന്‍ തോക്ക് പിടിച്ചെടുത്തു.
