കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെസിസിപിഎല്‍) ജില്ലയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കത്ത് പ്രവര്‍ത്തനം തുടങ്ങി. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി പി.എല്‍ ചെയര്‍മാന്‍ ടി.വി രാജേഷ്, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പെട്രോള്‍ പമ്പിന്റെ ഭാഗമായി സി.എന്‍.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പാണ് കരിന്തളത്ത് തുടങ്ങിയത്. പെട്രോള്‍, ഡീസല്‍ വില്‍പ്പനക്ക് പുറമേ ഓയില്‍ ചെയ്ഞ്ച്, ഫ്രീ എയര്‍ സര്‍വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോടും മട്ടന്നൂരും ഈ സാമ്പത്തിക വര്‍ഷം പെട്രോള്‍ പമ്പ് ആരംഭിക്കാനുള്ള പദ്ധതിയുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എലുമായി സഹകരിച്ചാണ് കരിന്തളം തലയടുക്കത്ത് പുതിയ പെട്രോള്‍ പമ്പ് ആരംഭിച്ചത്. 2020-ല്‍ പാപ്പിനിശ്ശരി ആസ്ഥാന മന്ദിരത്തിന് സമീപവും, 2023 ല്‍ മാങ്ങാട്ടുപറമ്പിലും 2024 ല്‍ നാടുകാണിയിലും പെട്രോള്‍ പമ്പ് ആരംഭിച്ചിരുന്നു.
