തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം: കേര കര്‍ഷകര്‍ അനിശ്ചിതത്വത്തില്‍

കാസര്‍കോട്: തെങ്ങു കയറ്റത്തൊഴിലാളി ക്ഷാമം കേരകര്‍ഷകരെ വിഷമിപ്പിക്കുന്നു. തെങ്ങു കയറാന്‍ ആളിനെ അന്വേഷിച്ചു കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. ഓരോ തെങ്ങില്‍ നിന്ന് കിട്ടുന്ന തേങ്ങയുടെ വിലയെക്കാളും കൂടുതല്‍ തുക പലരും തെങ്ങുകയറ്റത്തിന് കൂലിയായി ആവശ്യപ്പെടുന്നു. പച്ച തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സന്ദര്‍ഭത്തില്‍ പോലും തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തത് നാളികേര കര്‍ഷകരെ നിരാശയിലാക്കുന്നു.
പച്ച തേങ്ങ പറിച്ചു വില്‍ക്കേണ്ട സമയത്ത് തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതിനാല്‍ തെങ്ങുകളില്‍ നിന്ന് തേങ്ങ ഉണങ്ങി വീഴുകയാണ്. ഇതിനാകട്ടെ വിലയുമില്ല. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികള്‍ ഇപ്പോള്‍ ഈ തൊഴിലിനോട് വിമുഖത പ്രകടിപ്പിക്കുന്നതും, പുതുതലമുറ ഈ രംഗത്തേക്ക് വരാന്‍ മടിക്കുന്നതുമാണ് തൊഴിലാളിക്ഷാമം രൂക്ഷമാകുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 15 കോടി തെങ്ങുകളുണ്ടെന്നാണ് നാളികേര വികസന കോര്‍പ്പറേഷന്‍ കണക്ക്. ഇതനുസരിച്ച് തേങ്ങ പറിക്കാനുള്ള നാമമാത്രമായ തൊഴിലാളികളാണ് ഇപ്പോള്‍ ഈ രംഗത്തുള്ളത്.
ഒരു തെങ്ങില്‍ കയറിയാല്‍ 50 രൂപയാണ് തെങ്ങ് കയറ്റ തൊഴിലാളിയുടെ കൂലി. നേരത്തെ ഇത് 30-40 രൂപ ക്രമത്തിലായിരുന്നു. പച്ച തേങ്ങയ്ക്ക് 80 രൂപ വിപണിയില്‍ വില ഈടാക്കിയപ്പോള്‍ തൊഴിലാളികളുടെ കൂലി 60 രൂപയായി വര്‍ദ്ധിപ്പിച്ചു.
തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ചുള്ള പരിശീലനമൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായിട്ടില്ലെന്ന് നാളികേര കര്‍ഷകര്‍ പറയുന്നു. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര സംരക്ഷണമോ, സഹായമോ ലഭിക്കാത്തതാണ് ഈ രംഗത്ത് വരാന്‍ ജോലിക്കാര്‍ മടിക്കുന്നതെന്നാണ് പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികള്‍ തെങ്ങില്‍ നിന്ന് വീണ് മരിക്കുന്നതും, ഗുരുതരമായി പരിക്കേല്‍ക്കുന്നതുമായ സംഭവങ്ങളൊക്കെ ഉണ്ടായിട്ടും ഈ വിഷയം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം കണക്കിലെടുത്ത് നാളികേര വികസന ബോര്‍ഡ് തെങ്ങുകയറ്റ തൊഴിലാളികളുടെ ഡയറക്ടറി തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം കാസര്‍കോട് ജില്ലയില്‍ 1500ലേറെ തെങ്ങുകയറ്റ തൊഴിലാളികളുണ്ടെന്ന് 2015ല്‍ പ്രസിദ്ധീകരിച്ച ഡയറക്ടറി പറയുന്നു. തെങ്ങുകയറ്റ പരിശീലനം നേരിടുന്ന ഓരോ തൊഴിലാളിക്കും ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും, വിജ്ഞാന്‍ കേന്ദ്രയുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കുമെന്നും നാളികേര വികസന കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചിറ്റാരിക്കാലില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 42കാരന്‍ അറസ്റ്റില്‍; ഉപ്പളയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ മുണ്ട് പൊക്കിയ 68കാരന്‍ പോക്‌സോ പ്രകാരം പിടിയില്‍, ബേഡകത്ത് 14കാരിയെ പീഡിപ്പിച്ച 17കാരനെതിരെ കേസ്

You cannot copy content of this page