കാസര്‍കോട്: ചെമ്മട്ടംവയല്‍ സ്വദേശിനിയും കാഞ്ഞങ്ങാട്ടെ ഒരു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ 19കാരിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാസര്‍കോട്, കൊല്ലങ്കാന സ്വദേശിയായ റഷീദ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രസ്തുത ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ കാറില്‍ കയറ്റി വയനാട് വഴി തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച ആദ്യ വിവരം. ഇതേ തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടിലെത്തിയിരുന്നു. എന്നാല്‍ പൊലീസ് സംഘം എത്തുന്നതിന് മുമ്പ് യുവതിയും യുവാവും സഞ്ചരിച്ചിരുന്ന കാര്‍ തമിഴ്‌നാട് വിട്ട് ആന്ധ്രാപ്രദേശിലേക്ക് കടക്കുകയായിരുന്നു. പൊലീസ് സംഘം ഹൈദരാബാദ് വരെ കാറിനെ പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണ്. അതേ സമയം പെണ്‍കുട്ടിയെയും കൊണ്ട് പോയെന്ന് പൊലീസ് സംശയിക്കുന്ന യുവാവിനെ കാണാതായത് സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്.







