കാസര്‍കോട്: നരഹത്യാശ്രമ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. അജാനൂര്‍, തെക്കുപുറത്തെ ടി എം സമീര്‍ എന്ന ലാവാ സമീറി(42)നെയാണ് ഡിവൈ എസ് പി സി കെ സുനില്‍കുമാറിന്റെ സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും ചേര്‍ന്ന് പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് സമീറിനെതിരെ കാപ്പ ചുമത്തിയത്. ഈ വിവരമറിഞ്ഞ് സമീര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബംഗ്‌ളൂരു, മുംബൈ എന്നിവിടങ്ങളിലും ഒരു തവണ നേപ്പാളിലും ഒളിവില്‍ കഴിഞ്ഞു. വാട്‌സ് ആപ്പ് കോളുകള്‍ വഴിയാണ് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. അതു കൊണ്ട് ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് സമീര്‍ നാട്ടിലെത്തിയിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചത്.
സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് സംഘം സമീറിനെ പിന്തുടര്‍ന്നു. പെരിയയില്‍ എത്തി ഒരു പെട്രോള്‍ പമ്പില്‍ നിന്നു എണ്ണ നിറയ്ക്കുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്നെത്തി. പൊലീസിനെ കണ്ടതോടെ സമീര്‍ അതിവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ രഹസ്യമായി പിന്തുടര്‍ന്ന പൊലീസ് സംഘം രാത്രി പള്ളിക്കര, പൂച്ചക്കാട് വച്ച് സമീറിനെ പിടികൂടുകയായിരുന്നു.
