കാസര്‍കോട്: പെര്‍ള, ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. കോളേജ് പരിസരം ശുചീകരിക്കുന്നതിനിടയില്‍ ഹരിതകര്‍മ്മ സേനാംഗത്തിനു പാമ്പു കടിയേറ്റതായി സംശയം. കന്യപ്പാടി സ്വദേശിനിയായ 37 കാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം ആരംഭിച്ച സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹരിതകര്‍മ്മസേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്. ജോലി തുടരുന്നതിനിടയിലാണ് കന്യപ്പാടി സ്വദേശിയുടെ കൈയില്‍ എന്തോ കടിച്ചതായി അനുഭവപ്പെട്ടത്. തേളോ പാമ്പോ ആയിരിക്കുമെന്നു കരുതി സ്ഥലത്ത് വിശദമായി പരിശോധിച്ചപ്പോള്‍ അണലി വര്‍ഗ്ഗത്തില്‍പ്പെടുന്ന പാമ്പിനെ കണ്ടെത്തി. ഇതോടെ പാമ്പു കടിച്ചതാണോയെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
