നാരായണന്‍ പേരിയ
”അങ്ങോട്ടപകൃതിചെയ്‌വതില്ലെങ്കിലും
ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം”
എന്ന് പൂന്താനം(ജ്ഞാനപ്പാന). ആ ദുര്‍ജ്ജനക്കൂട്ടത്തില്‍പ്പെടുമോ രാജ്യത്തെ വന്യമൃഗങ്ങളും? അടിക്ക് തിരിച്ചടി- ഒന്നിന് രണ്ട് എന്ന കണക്കിലായാലും തെറ്റില്ല. ചവിട്ടി വീഴ്ത്തിയ വെള്ളക്കാരന്‍ സായ്പിന്റെ ബൂട്ടിട്ട കാല് പണ്ട് മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന വക്കീല്‍ തടവിക്കൊടുത്തിരുന്നുവത്രെ. (അന്ന് ”മഹാത്മാ” ആയിട്ടില്ല; വെറും ഗുജറാത്തി വക്കീല്‍). അത്രത്തോളം ഔദാര്യം കാണിക്കണമെന്നില്ല; ആക്രമിക്കാന്‍ വന്നാല്‍, നേരിടണം. അത് നേരത്തെ ചെയ്യുന്നതും മുന്‍ കരുതലെടുക്കുന്നതും തെറ്റ് എന്ന് പറഞ്ഞു കൂടാ.
വന്യജീവി ശല്യം കൊണ്ട് പൊറുതി മുട്ടി ജനങ്ങള്‍. കാര്‍ഷിക വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നു. വഴി നടക്കുമ്പോള്‍ മാത്രമല്ല വീട്ടില്‍ക്കയറിയും ആക്രമണം. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട, ബാധ്യതയുള്ള സര്‍ക്കാര്‍ മൂകസാക്ഷി; അല്ലെങ്കില്‍ കാണാത്തത് പോലെ- എന്ന് വിമര്‍ശനം. വന്യജീവികളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം എന്ന വാര്‍ത്ത കാണാത്ത ദിവസമില്ല, ഈയിടെയായി.
സര്‍ക്കാരിനെതിരെ പ്രതിഷേധം; പ്രത്യക്ഷസമരം അടക്കം കനത്തതോടെ സര്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത് പോലെ. ഒന്നാം ചുവട്: നിയമ നിര്‍മ്മാണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാന്‍ പാടില്ലല്ലോ. തിരഞ്ഞെടുപ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്, നിയമസഭയിലേയ്ക്ക്, പാര്‍ലിമെന്റിലേയ്ക്ക്- ഒന്നിന് പിറകെ മറ്റൊന്ന്-ആസന്നമായി. നിലവില്‍ ഭരണം കൈയാളുന്നവര്‍ക്ക് വേണ്ടത് ഭരണത്തുടര്‍ച്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ അധികാരം തിരിച്ചു പിടിക്കണം പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക്. ലക്ഷ്യം നേടാന്‍ പൊതുജനങ്ങളുടെ പ്രീതി നേടണം. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
വന്യജീവികളുടെ ആക്രമണങ്ങളെ എങ്ങനെ നേരിടണം? കൊന്നൊടുക്കാന്‍ പാടില്ല. നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. അതിനാല്‍ പുതിയ നിയമം പാസ്സാക്കണം. അല്ലെങ്കില്‍, പ്രാബല്യത്തിലുള്ള നിയമം ഭേദഗതി ചെയ്യണം.
നമ്മുടെ സംസ്ഥാന നിയമസഭയില്‍ നിയമ ഭേദഗതിക്കുള്ള ബില്ല് ആവതരിപ്പിച്ചുകഴിഞ്ഞു. അതിന്റെ കരട് രൂപം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വായിച്ചു. ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ ആരെയെങ്കിലും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണെങ്കില്‍ അതിനെ കൊല്ലാം. പക്ഷേ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രം.
നിലവിലുള്ള നിയമത്തില്‍പ്പറയുന്നത് ഇപ്രകാരം: അപകടകാരികളായ വന്യമൃഗങ്ങള്‍ക്കെതിരെ നടപടി- അവയെ പിടികൂടി മറ്റൊരിടത്ത് മാറ്റിപ്പാര്‍പ്പിക്കണം. മയക്കുവെടി വെച്ച് മയക്കി, പിടിച്ച് കൂട്ടിലാക്കി, മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി തുറന്നുവിടുക- ഇതിനെല്ലാം അനുമതി ലഭിക്കണം. നിയമം അനുശാസിക്കുന്ന എല്ലാ നടപടികളും സ്വീകരിച്ചു. എന്നിട്ടും ഉദ്ദിഷ്ട കാര്യം സാധ്യമാകുന്നില്ല. അപ്പോള്‍, അവസാന വഴി സ്വീകരിക്കാം. കൊല്ലുക. അതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കണം. മുഖ്യവനപാലകന്‍ ഉത്തരവിടണം.
ഭേദഗതിയില്‍ പറയുന്നു: കടുവ, പുലി എന്നിവ നാട്ടിലിറങ്ങി ഭീഷണിയാകുമ്പോള്‍ ആദ്യപടിയായി ഉദ്യോഗസ്ഥന്മാരടക്കമുള്ള ആറംഗ സമിതി രൂപീകരിക്കണം. ഈ സമിതിക്കും ബോധ്യപ്പെടണം. കൊല്ലുകയല്ലാതെ വേറെ വഴിയില്ല. ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയാകാന്‍ എത്രകാലമെടുക്കും. സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നത്‌വരെ അടങ്ങിയിരിക്കുക എന്ന് വന്യമൃഗങ്ങള്‍ക്ക് നോട്ടീസ്്് കൊടുക്കുകയോ? നമ്മുടെ ഭരണവേഗം ആമവേഗം ആണല്ലോ. ആമയെക്കാള്‍ മന്ദഗതി. ഈ കാലയളവില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിക്കും?
1972-ല്‍ പാര്‍ലിമെന്റ് അംഗീകരിച്ച് പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്രനിയമത്തില്‍ ഉള്ളതാണേ്രത ഇപ്പറഞ്ഞതെല്ലാം. സാങ്കേതിക പ്രശ്‌നങ്ങളും മറ്റും. ഭേദഗതി നിയമസഭ പാസ്സാക്കുകയും രാഷ്ട്രപതി അംഗീകരിച്ച് ഒപ്പിടുകയും ചെയ്താല്‍ ഭേദഗതി ചെയ്യപ്പെട്ട നിയമം പ്രാബല്യത്തില്‍ വരും. അംഗീകാരം നല്‍കാന്‍ രാഷ്ട്രപതിക്ക് സമയ പരിധി നിശ്ചയിച്ചിട്ടില്ലല്ലോ. അതൊരു തര്‍ക്ക പ്രശ്‌നമായി കിടക്കുകയാണ് ഇപ്പോഴും.
ഭേദഗതി വരുത്താനുദ്ദേശിക്കുന്ന മറ്റ് ചിലത്: നിലവിലുള്ള നിയമത്തിലെ പട്ടിക ഒന്നിലാണ് നാടന്‍ കുരങ്ങുകളെക്കുറിച്ച് പറയുന്നത്(നാടന്‍ കുരങ്ങും കാടന്‍ കുരങ്ങുമുണ്ടോ?) കാര്‍ഷികമേഖലയ്ക്ക് വലിയ ഭീഷണിയാണ് കുരങ്ങുകള്‍. കുരങ്ങുകളുടെ ജനനം നിയന്ത്രിക്കാനും മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനും സര്‍ക്കാരിന് അധികാരം.
പട്ടിക രണ്ടില്‍ ഉള്‍പ്പെടുന്ന കാട്ടുപന്നികളെയും (കാട്ടുപന്നി, നാട്ടുപന്നി എന്നീ വകഭേദങ്ങള്‍) ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിനാണ് ഇപ്പോള്‍ അധികാരം. പുതിയ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍, ആര്‍ക്കും കൊല്ലാം കാട്ടുപന്നികളെ. ഇതിനുള്ള നിയമം പാസ്സാക്കി രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പരിഗണനയിലാണ്. ഭേദഗതി പാസ്സാക്കിയാലോ?
മൃഗഭീതിയില്‍ എത്രകാലം എന്ന് ചോദിക്കുന്നവര്‍ മറുപടി പറയേണ്ട ചില പ്രശ്‌നങ്ങള്‍: വനൃമൃഗങ്ങള്‍ നാട്ടിലിറങ്ങി എന്ന് പറയുന്നവര്‍ പിറകോട്ട് തിരിഞ്ഞു നോക്കുക: കാടെവിടെ? എല്ലാം വെട്ടി വെളുപ്പിച്ചില്ലേ? കാട് നാടാക്കി മാറ്റിയില്ലേ? പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് കാട് നശിപ്പിച്ചവരെയല്ലേ? വന്യമൃഗങ്ങള്‍ക്ക് പാര്‍പ്പിടം ഇല്ലാതാക്കിയവരെ?
ഒടുവില്‍ക്കിട്ടിയ വാര്‍ത്ത: (സെപ്തംബര്‍ 19) ബില്ല് സെലക്ട് കമ്മിറ്റിക്ക് വിട്ടു. ആശ്വാസം വന്യമൃഗങ്ങള്‍ക്ക്!