കാസര്‍കോട്: കുപ്രസിദ്ധ വാഹനമോഷ്ടാവ് പൊലീസ് പിടിയില്‍. കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 27കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്നു കുറഞ്ഞ അളവില്‍ എം ഡി എം എ പിടികൂടിയതായും സൂചനയുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇയാള്‍ക്കെതിരെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വടകര പൊലീസ് സ്റ്റേഷനുകളില്‍ കളവു കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായാണ് സൂചന. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നിരവധി കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ്‌സ്റ്റാന്റിനു സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പട്ടാപ്പകല്‍ മോഷണം പോയ സംഭവത്തില്‍ നല്‍കിയ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഉദുമ, കളനാട്, തെക്കേവീട്ടിലെ ടി കെ രവിയുടെ ബൈക്ക് ശനിയാഴ്ചയാണ് മോഷണം പോയത്.
ഇതു സംബന്ധിച്ച് ടൗണ്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.തായലങ്ങാടിയില്‍ വച്ച് പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.
