കാസര്‍കോട്: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11-ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. ഒന്‍പത് രാത്രികള്‍ എന്നര്‍ത്ഥം വരുന്ന നവരാത്രിയില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം. സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ വിവിധ ദേവീ ക്ഷേത്രങ്ങളില്‍ നടക്കും. കൊല്ലൂര്‍ മൂകാംബിക, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കാസര്‍കോട് വെങ്കട്ടരമണ ക്ഷേത്രത്തിലും നവരാത്രി ആഘോഷം ആരംഭിച്ചു.
