കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡില്‍ എരിയാല്‍ ടൗണില്‍ അണ്ടര്‍ പാസേജിനു സമീപത്തുണ്ടായ ലോറി അപകടത്തില്‍ പതിനാലോളം ഇരു ചക്രവാഹനങ്ങള്‍ തകര്‍ന്നു. ഏതാനും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്ത ശേഷമാണ് ലോറി നിന്നത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. മംഗ്‌ളൂരു ഭാഗത്തു നിന്നു കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. സര്‍വ്വീസ് റോഡ് വഴി എരിയാലില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ലോറിയുടെ നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു.
ദേശീയപാതയോരത്തെ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഇരുചക്രവാഹനങ്ങളാണ് തകര്‍ന്നത്. റോഡരുകിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നത്. അപകട സമയത്ത് ആള്‍ക്കാര്‍ ആരും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അല്‍പസമയം കഴിഞ്ഞിരുന്നുവെങ്കില്‍ പള്ളിയിലേക്ക് പോകുന്നവരുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്തായിരുന്നു അപകടം.
