പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിക്കുക; പ്ലാറ്റ്‌ഫോമില്‍ പാകിയ ഇന്റര്‍ലോക് കട്ടകള്‍ അങ്ങിങ്ങു പൊട്ടിപ്പൊളിഞ്ഞു ചിലടങ്ങളില്‍ ഇളകിക്കിടക്കുന്നു. സുഗമ യാത്രയ്ക്ക് ഇത് ഭീഷണിയായിരിക്കുകയാണ്. ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കഠിനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലാണ് അതിനു കടക വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്. വന്‍ തുക ചെലവഴിച്ചു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാക്കുന്നതില്‍ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. ഇളകിയും പൊളിഞ്ഞും കിടക്കുന്ന കട്ടയില്‍ തട്ടി നിരവധി യാത്രക്കാര്‍ക്ക് കാലിന് പരുക്കേറ്റു.
മഴക്കാലത്തു പ്ലാറ്റ്‌ഫോമില്‍ നിരവധി പേര്‍ വഴുതി വീഴുന്നതു പതിവായിരുന്നു. ഇതിനെതുടര്‍ന്നാണ് ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഭാഗികമായി റെയില്‍വേ ഇന്റര്‍ലോക് കട്ടകള്‍ നിരത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഇത്. ആദ്യ മഴയില്‍ തന്നെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കോച്ച് നമ്പര്‍ 14നും 17നും മാധ്യേ, പാകിയ കട്ടകളില്‍ ചിലത് ഇളകി. ചിലതു തറ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നിന്നു. ചിലത് പൊട്ടിപ്പൊളിഞ്ഞു. 6 അടി വീതിയില്‍ മാത്രമാണ് കട്ടകള്‍ പാകിയത്. പൂര്‍ണമായും കട്ടകള്‍ വിരിക്കാത്തതിനാല്‍ മഴക്കാലത്ത് വഴുക്കലും വീഴ്ചയും ഇപ്പോഴും തുടരുകയാണ്.
