പയ്യന്നൂര്‍: പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് ധനരാജിനെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. തളിപ്പറമ്പ് അഡീ.ജില്ലാ സെഷന്‍ കോടതിയിലാണ് വിചാരണ. 2016 ജൂലായ് 12ന് രാത്രി 10 മണിക്കാണ് ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയും സി.പി.എം കുന്നരു ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കാരന്താട്ട് ചുള്ളേരി വീട്ടില്‍ ധനരാജ് (38) കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് നേതാക്കളായ അജീഷ്, തമ്പാന്‍ എന്നിവരടക്കം 20 ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളാണ് കേസിലെ പ്രതികള്‍. നാളെ കേസിലെ ദൃക്സാക്ഷിയും പരാതിക്കാരനുമായ പ്രജീഷിനെയാണ് വിസ്തരിക്കുക. ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ധനരാജിന്റേത്. ധനരാജിനെ വധിച്ചതിന്റെ പ്രതികാരമായി അന്നു രാത്രി 12.45ന് ബി.എം.എസ് മേഖലാ സെക്രട്ടറിയും പയ്യന്നൂര്‍ ടൗണിലെ ഓട്ടോഡ്രൈവറുമായിരുന്ന അന്നൂരിലെ സി.കെ.രാമചന്ദ്രനെ (52) ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ധനരാജ് വധക്കേസിലെ ഒരു പ്രതി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ടിരുന്നു. ധനരാജ് വധക്കേസ് അന്വേഷിച്ചത് അന്നത്തെ പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എം.പി ആസാദായിരുന്നു. ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2017 മെയ് ഏഴിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ധനരാജിന്റെ ഭാര്യ സജിനി, മകന്‍ വിവേകാനന്ദ്, അമ്മ മാധവി എന്നിവരടക്കം 74 സാക്ഷികളുണ്ട്. ഇതില്‍ മാതാവും ഭാര്യയും മകനും നോക്കി നില്‍ക്കേയാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ സി.കെ.ശ്രീധരനാണ് ഈ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി കോടതിയിലെത്തുന്നത്. പ്രതികള്‍ക്ക് വേണ്ടി ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ പ്രതാപന്‍ ജി പടിക്കല്‍, തലശേരിയിലെ ടി.സുനില്‍കുമാര്‍, പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരാവുന്നത്.
