കാസര്‍കോട്: ശബരിമലയില്‍ നിന്നു നാലുകിലോ സ്വര്‍ണ്ണം കാണാതായത് എവിടെപ്പോയെന്ന് ആഗോള അയ്യപ്പ സംഗമക്കാര്‍ വെളിപ്പെടുത്തണമെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ തട്ടിപ്പാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള മുതലെടുപ്പു നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഡി സി സിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഡി സി സി ഓഫീസില്‍ ചേര്‍ന്ന നേതൃയോഗം പിന്നീട് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും യു ഡി എഫും എണ്ണയിട്ട യന്ത്രംപോലെ ആര്‍ജവമായി പ്രവര്‍ത്തിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എ ഗോവിന്ദന്‍, കെ നീലകണ്ഠന്‍, ഹക്കീംകുന്നില്‍, കെ വി ഗംഗാധരന്‍, സാജിദ് മൗവ്വല്‍, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

