കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ മൊറത്തണയില്‍ കക്കൂസ് മാലിന്യം റോഡിലൊഴുക്കിയ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എം അജിത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലോറിയില്‍ കൊണ്ടുവന്ന കക്കൂസ് മാലിന്യം റോഡിലും തോടിലും പൊതുസ്ഥലത്തും നിക്ഷേപിച്ചത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യത്തിലൂടെ മലിനജലം ഒഴുക്കിവിട്ട ലോറിയും ആള്‍ക്കാരെയും തിരിച്ചറിഞ്ഞു. പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ മൊറത്തണ മുതല്‍ അരിബൈല്‍ കജേക്കൊടി എക്‌സ്‌പ്ലോറര്‍ സ്‌കൂളിന് സമീപം പിഡബ്യൂഡി റോഡരികിലാണ് നിക്ഷേപിച്ചത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയിലാണ് മാലിന്യം കടത്തിക്കൊണ്ടുവന്നത്. ലോറി ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
