കാസര്‍കോട്: കുറ്റിക്കോലില്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ കാണപ്പെടുകയും പൊലീസ് പിന്തുടര്‍ന്നപ്പോള്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം രക്ഷപ്പെടുകയും ചെയ്ത സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്തു. പൊലീസ് ഡ്രൈവര്‍ പനത്തടി, ചാമുണ്ഡിക്കുന്നിലെ രാകേഷ് കുമാറി(32)ന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ബേഡകം പൊലീസ് രാത്രികാല പരിശോധന നടത്തുന്നതിനിടയിലാണ് കുറ്റിക്കോലില്‍ എത്തിയത്. ഈ സമയത്താണ് നമ്പര്‍ പ്ലേറ്റില്ലാത്ത ആള്‍ട്ടോ കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതീയുവാക്കളാണ് കാറിനകത്തു ഉണ്ടായിരുന്നത്. പൊലീസ് വാഹനം കണ്ടതോടെ ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്നവര്‍ അമിത വേഗതയില്‍ ഓടി. ഇതിനിടയില്‍ പൊലീസ് വാഹനത്തില്‍ ഇടിച്ചു. എന്നിട്ടും നിര്‍ത്താതെ പോയ കാറിനെ പൊലീസ് പിന്തുടരുകയും ബന്തടുക്കയില്‍ വച്ച് പൊലീസ് ജീപ്പില്‍ വീണ്ടും ഇടിച്ച ശേഷം കാര്‍ കുറ്റിക്കോല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. പിന്തുടര്‍ന്ന പൊലീസ് വാഹനത്തിനെ പയ്യങ്ങാനത്തു വച്ച് വീണ്ടും ഇടിച്ചു. ഈ സമയത്താണ് ഡ്രൈവര്‍ രാകേഷിനു പരിക്കേറ്റത്.
കാറില്‍ ഉണ്ടായിരുന്ന യുവാവിനെ കുറിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.
