കാസര്‍കോട്: കടലാക്രമണം അതിരൂക്ഷമാവുന്ന കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിനു സര്‍ക്കാര്‍ ഉപായം കൊണ്ടു കഷായം വയ്ക്കുകയാണെന്ന് ആക്ഷേപമുയരുന്നു.
അതിരൂക്ഷമായ കടലാക്രമണം ജില്ലയിലെ 87.65 കിലോമീറ്റര്‍ കടല്‍ത്തീരം കാര്‍ന്നു തിന്നിരുന്നു. കരിങ്കല്‍ കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ കടല്‍ഭിത്തി പാടെ തകര്‍ന്നു. കടലാക്രമണത്തെ തടയാന്‍ കോടികള്‍ ചെലവാക്കി കടല്‍ത്തീരത്തുകൊണ്ടിട്ട ജിയോബാഗുകള്‍ കലിതുള്ളിക്കയറിയ കടല്‍ നക്കിയെടുത്തു. തീരദേശം തകര്‍ന്നു. തീരദേശ േേറാഡുകള്‍ കടലെടുത്തു. ശുദ്ധജല വിതരണ പൈപ്പുകളും കടലാക്രമണത്തില്‍ ഒഴുകിപ്പോയി. വൈദ്യുതി പോസ്റ്റുകളും പലേടത്തും നിലംപൊത്തി. നിരവധി തെങ്ങുകളും വീടുകളും കെട്ടിടങ്ങളും കടലാക്രമത്തില്‍ നശിക്കുകയും തകര്‍ച്ചാ ഭീഷണി നേരിടുകയും ചെയ്തു.
കടലാക്രമണം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന തീരദേശ ജനതയുടെ മുറവിളി തീരദേശമാകെ മുഴങ്ങിയിരുന്നു. ടെട്രോപാട് ഇതിനു ഫലഫ്രദമാണെന്ന് അധികൃതരുടെ സാക്ഷ്യപ്പെടുത്തലുകളുണ്ടായിട്ടുള്ള പശ്ചാത്തലത്തില്‍ അതിനുള്ള നടപടിയെടുക്കണമെന്ന് തീരദേശ വാസികള്‍ ആവശ്യമുയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പരീക്ഷിച്ചു അതി ദയനീയമായി പരാജയപ്പെട്ട ജിയോ ബാഗ് വീണ്ടും കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ കൊണ്ടിട്ടു കോടികള്‍ വീണ്ടും അടിച്ചുമാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്ന് ആരംഭിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇക്കൊല്ലം കടലാക്രമണത്തില്‍ വന്‍ നാശം നേരിട്ട മഞ്ചേശ്വരം കണ്വതീര്‍ത്ഥ, ഉപ്പള മുസോടി, ഹനുമാന്‍ നഗര്‍, അയില കടപ്പുറം, മൊഗ്രാല്‍ നാങ്കി കടപ്പുറം, കീഴൂര്‍ കടപ്പുറം, ചെമ്പരിക്ക, ജന്മകടപ്പുറം, ഉദുമ കോട്ടിക്കുളം, തൃക്കണ്ണാട്, അജാനൂര്‍, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ തീരദേശവാസികള്‍ ഇപ്പോഴും ഭീതിയിലാണ്. ഇവിടങ്ങളിലെ കരിങ്കല്ല്, ജിയോബാഗ് ഭിത്തികളൊക്കെ കടലെടുത്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വീണ്ടും ജിയോബാഗിനു പിന്നാലെ പോവുന്നതില്‍ നാട്ടുകാര്‍ അത്ഭുതപ്പെടുന്നു. ഒപ്പം ആശങ്ക ഉയര്‍ത്തുന്നു.
