കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടെ കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ച് ബാരയിലെ തൊഴിലാളികള്‍. ഉദുമ 15-ാം വാര്‍ഡ് ബാര മുക്കുന്നോത്തെ 15 തൊഴിലുറപ്പു തൊഴിലാളികളാണ് നാടിന് മാതൃകയായത്. ബുധനാഴ്ച വൈകീട്ടാണ് ബാരയില്‍ വച്ച് ഒരുപവന്‍ തൂക്കമുള്ള പാദസരം കളഞ്ഞുകിട്ടിയത്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പാഴാണ് സംഭവം. ഉടന്‍ വിവരം സ്‌കൂളിലെ ഹെഡ് മിസ്ട്രസിനെ അറിയിച്ചു. അവര്‍ സ്‌കൂളിലെ വാട്ട് സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതോടെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞു. സ്‌കൂളിലെ പിടിഎ യോഗത്തിന് എത്തിയ ഒരു രക്ഷിതാവിന്റെ ആഭരണമാണ് കളഞ്ഞുപോയത്. ബാര ഗവ.ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഉടമയായ ആയിഷ മാങ്ങാടിന് തൊഴിലാളികള്‍ ആഭരണം തിരികെ ഏല്‍പ്പിച്ചു. സ്‌കൂള്‍ എച്ച്.എം മീനാകുമാരി, അധ്യാപിക ഷീബ, തൊഴിലുറപ്പ് മേറ്റ് ശാലിനി എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.
