കാസർകോട് : കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരം വാഹനത്തിരക്കുകൊണ്ട് വീർപ്പുമുട്ടുന്നു. റെയിൽവേസ്റ്റേഷനുള്ളിൽ മാത്രമല്ല റെയിൽവേ സ്റ്റേഷൻ റോഡിലും വാഹനങ്ങളുടെ തിരക്കു വാഹനയാത്രക്കാർക്കും കൽനട യാത്രക്കാർക്കും കടുത്തവിഷമമുണ്ടാക്കുന്നു. ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് നിമിഷംതോറും നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളാണ് തിരക്കിന് പ്രധാനകരണം. അധികൃതർ ഒരുക്കുന്ന പാർക്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വാഹനപ്പെരുപ്പവും വാഹനങ്ങൾ നിറുത്തിയിടുന്നതിൽ ഉടമകൾ പ്രകടിപ്പിക്കുന്നു കടുത്ത അവഗണനകളും കാരണങ്ങളാണ്. പൊലീസ് ഇടപെടലുകളും നിർദ്ദേശങ്ങളും പാടെ അവഗണിക്കപ്പെടുന്നതുംതദ്ദേശ സ്ഥാപനങ്ങളുടെ ഇതിലൊന്നും തങ്ങൾക്കു കാര്യമില്ലെന്ന അവഗണനാ മനോഭാവവും ഇതിനുള്ള പ്രധാന കാരണങ്ങളിൽ പ്പെടുന്നു. വാഹന പാർക്കിങ്ങിനു റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യത്തിന് ഈടാക്കുന്നതു വർധിച്ച ഫീസാണെന്നും ആക്ഷേപമുണ്ട്. ഇവ കാരണം അത്യാവശ്യത്തിനു ട്രെയിനിൽ യാത്ര ചെയ്യാൻ വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ വാഹന നിറുത്തിവയ്ക്കാൻ സ്ഥലമില്ലാതെ ടൗൺ മുഴുവൻ കറങ്ങേണ്ടി വരുകയും അതിനിടയിൽ ട്രെയിൻ കടന്നുപോകുന്നത് കണ്ടുനിൽക്കേണ്ട സ്ഥിതിയുമുണ്ടാകുന്നു. യാത്രക്കാരിൽ ചിലരെങ്കിലും ഇരുചക്ര വാഹനത്തിന്റെ ഒരു വീലു വയ്ക്കാൻ കിട്ടുന്ന സ്ഥലത്തു വാഹനം തന്നെ നിറുത്തിപ്പോകുന്നത് കൊണ്ട് പിന്നീടെത്തുന്ന വാഹനങ്ങൾ അതിനു ചുറ്റും വയ്ക്കുന്നു. യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവർ കൂട്ടിവച്ചിരിക്കുന്ന വഹനങ്ങൾക്കിടയിൽ നിന്ന് തങ്ങളുടെ വാഹനം തിരിച്ചെടുക്കാനും വിഷമിക്കുന്നു. സ്ഥിതി ഇത്തരത്തിൽ തുടർന്നാൽ അധി കൃതർക്കും യാത്രക്കാർക്കും മാത്രമല്ല, റോഡ് വഴിയുള്ള മറ്റു യാത്രക്കാർക്കും നാട്ടുകാർക്കുപോലും വലിയ യാത്ര തടസം ആസന്നമായിരിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.
