കാസര്‍കോട്: 24 കോടി രൂപ ചെലവഴിച്ച് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യന്താധുനികവും ആകര്‍ഷണീയവുമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ മുഖം റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം പരസ്യ ബോഡ് വച്ചു മറച്ചു.

റെയില്‍വേ സ്‌റ്റേഷന്റെ പൂമുഖത്തിനു തൊട്ടു മുന്നില്‍ പുതിയ ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനടുത്താണ് കൂറ്റന്‍ ബോഡ് സ്ഥാപിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിന്റെ പുറം ചുവരിന് ഉയരം കൂടിയതു കാരണം റോഡില്‍ നിന്നാല്‍ അതി മനോഹരവും ആകര്‍ഷകവുമാക്കിയിട്ടുള്ള റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുഖം കാണാന്‍ പ്രയാസമായിരുന്നു. ആ പ്രശ്‌നം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഇടപെട്ട് വെയ്റ്റിംഗ് ഷെഡിന്റെ ഉയരം കുറച്ചു പരിഹരിച്ചതിനു തൊട്ടുപിന്നാലെയാണ് റെയില്‍വേ കൊമേഴ്‌സില്‍ വിഭാഗം കൂറ്റന്‍ പരസ്യബോഡ് വച്ച് റെയില്‍വേ സ്റ്റേഷന്റെ മുഖം മറച്ചിട്ടുള്ളത്.
കാസര്‍കോടിന്റെ തിലകക്കുറിയായി കേന്ദ്രസര്‍ക്കാര്‍ അതിമനോഹരമായി സ്ഥാപിച്ച റെയില്‍വേ സ്റ്റേഷന്റെ മുഖം റെയില്‍വേ വിഭാഗം തന്നെ വികൃതമാക്കാന്‍ നടത്തുന്ന ശ്രമം ഉടന്‍ ഇല്ലാതാക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ നാസര്‍ ചെര്‍ക്കളം, ആര്‍ പ്രശാന്ത് കുമാര്‍ ആവശ്യപ്പെട്ടു.