കാസര്‍കോട്: മഴക്കാലം മാറിയതോടെ എങ്ങും ‘ഭൂതപ്പാനി’ക്കൂടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരേ സമയത്ത് മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ദോഷം ചെയ്യുന്ന ഭൂതപ്പാനി കടന്നലുകളെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രതവേണമെന്നും ഇല്ലെങ്കില്‍ ജീവന്‍ വരെ നഷ്ടമായേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
നീലേശ്വരം, പട്ടേനയിലെ രഞ്ജിത്ത് നമ്പൂതിരി, ബളാല്‍ ദര്‍ഘാസിലെ ഷാജി എന്നിവരുടെ പുരയിടങ്ങളില്‍ കഴിഞ്ഞ ദിവസമാണ് ഭൂതപ്പാനിക്കൂട് കണ്ടെത്തിയത്. രഞ്ജിത്ത് നമ്പൂതിരിയുടെ തെങ്ങിന്‍ മുകളിലാണ് കൂറ്റന്‍ കൂട് കാണപ്പെട്ടത്. ഷാജിയുടെ പുരയിടത്തിലെ മഹാഗണി മരത്തില്‍ തൊഴിലാളികളാണ് കൂട് കണ്ടത്. കൂട് എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജി. അപകടകാരികളാണ് നാട്ടിന്‍ പുറത്ത് ഭൂതപ്പാനിയെന്ന പേരില്‍ അറിയപ്പെടുന്ന ഈ കടന്നലുകളെന്ന് ‘സര്‍പ്പ’ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആയ കെ.ടി എസ് പനയാല്‍ പറഞ്ഞു. തേന്‍ കര്‍ഷകര്‍ക്കു വലിയ പ്രശ്‌നമാണ് ഈ കടന്നലുകള്‍ മനുഷ്യന് ഒന്നില്‍ കൂടുതല്‍ തവണ കുത്തേറ്റാല്‍ മരണം വരെ സംഭവിക്കുവാന്‍ സാധ്യത ഉണ്ട്. തേനീച്ചകള്‍ ഒരു തവണ കുത്തിയാല്‍ കൊമ്പ് ഒടിഞ്ഞു പോകുമെന്നും എന്നാല്‍ ഭൂതപ്പാനി കടന്നലുകള്‍ക്കു ഒരേ കൊമ്പ് ഉപയോഗിച്ച് അഞ്ചിലേറെ തവണ കുത്താനുള്ള ശേഷി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഴമാറുന്നതോടെയാണ് മാളങ്ങളിലും മറ്റും കഴിഞ്ഞിരുന്ന ഭൂതപ്പാനി കടന്നലുകള്‍ പുറത്തിറങ്ങി തെങ്ങുകളിലും മരങ്ങളിലും കൂടുവയ്ക്കാന്‍ തുടങ്ങുന്നത്. ഇത്തരം സ്ഥലങ്ങളിലുള്ള കൂടുകള്‍ കണ്ട് തേനീച്ച കൂടാണെന്നു കരുതി പരുന്തുകള്‍ കൊത്താന്‍ സാധ്യതയുണ്ട്. ഇതും അപകടത്തിനു ഇടയാക്കുമെന്ന് കെ ടി എസ് കൂട്ടിച്ചേര്‍ത്തു.
