കാസര്‍കോട്: സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷം കൈവരിച്ച നേട്ടങ്ങളുമായി വികസന സദസുകള്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 20 വരെ സംഘടിപ്പിക്കും. വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സണ്‍ന്മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം 18ന് രാവിലെ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗ്രാമപഞ്ചായത്തുകള്‍, നഗരസഭ എന്നിവയില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള ജനങ്ങളുടെ പങ്കാളിത്തത്തില്‍ സ്ത്രീകള്‍ യുവജനങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് വികസന സദസ്സ് സംഘടിപ്പിക്കുക. നിയമസഭാ സാമാജികര്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിശിഷ്ട വ്യക്തികള്‍, മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ എന്നിവരും സദസ്സില്‍ പങ്കാളികളാകും. അതി ദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി ഭൂമി വിട്ടു നല്‍കിയവര്‍, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സദസ്സിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കെസ്മാര്‍ട്ട് ക്ലിനിക് സജ്ജമാക്കും. കൂടാതെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങളും ഇനി നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുന്നതിനുള്ള ഓപ്പണ്‍ ഫോറം, സംഗ്രഹ ചര്‍ച്ച എന്നിവയും ഉണ്ടാവും. വികസന സദസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്‌സണ്‍, ജില്ലാ കലക്ടര്‍ കോ ചെയര്‍പേഴ്‌സണ്‍, ജോയിന്റ് ഡയറക്ടര്‍ കണ്‍വീനര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 22ന് വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനവും നടക്കും.
