ബേക്കല്‍: ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കല്‍ കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. സ്വഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം ആണ് പരിപാടി സംഘടിപ്പിച്ചത്. ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ കൈകോര്‍ത്തു. തീരത്തുനിന്ന് ഒരു ടണ്‍ മാലിന്യം നീക്കം ചെയ്തു. ഇതില്‍ 368 കിലോയും പ്ലാസ്റ്റിക് മാലിന്യമാണ്. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, തുണി, റബ്ബര്‍ മാലിന്യങ്ങളാണ് മറ്റുള്ളവ. ശുചീകരണ ദിനാചരണം വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, മഹയൂബ ഇക്കോ സൊലൂഷന്‍സ് എംഡി കുഞ്ഞബ്ദുള്ള, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അനസ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, ടെക്നിക്കല്‍ ഓഫീസര്‍ ഡോ. വി. സുധീഷ് സംസാരിച്ചു.
