കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ ഉന്നതരടക്കം ഏഴുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. എ ഇ ഒ, ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍, ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു, കൊടക്കാട്- തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടു പേര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി വിജയ്ഭരത് റെഡ്ഡി ചന്തേരയില്‍ എത്തി കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു മൊഴിയെടുത്ത ശേഷം ചൊവ്വാഴ്ച തന്നെ അറസ്റ്റ് വിവരം പ്രഖ്യാപിക്കുമെന്നാണ് സൂചന.
പോക്‌സോ കേസായതിനാല്‍ കരുതലോടു കൂടി കൈകാര്യം ചെയ്യണമെന്നാണ് വെള്ളരിക്കുണ്ട് ചീമേനി, ചിറ്റാരിക്കാല്‍, നീലേശ്വരം, ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘത്തിനു നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
16 കാരനെ പീഡിപ്പിച്ച സംഭവത്തില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ എട്ടുകേസുകളാണ് ചന്തേരയില്‍ നിലവില്‍ ഉള്ളത്. മറ്റു ആറു കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം പൊലീസിനു കൈമാറി. പീഡനം നടന്നത് പ്രസ്തുത ജില്ലകളില്‍ വച്ചായതിനാല്‍ ആണ് കേസുകള്‍ അവിടങ്ങളിലേക്കു കൈമാറിയത്. ചന്തേരയില്‍ നിലവിലുള്ള എട്ടു കേസുകളില്‍ ഒരു കേസില്‍ ഒഴികെ ഉള്ള പ്രതികള്‍ പിടിയിലായിട്ടുണ്ട്. മുസ്ലീം യൂത്ത്‌ലീഗ് നേതാവായ ഒരാള്‍ ഒളിവില്‍ പോയി. തൃക്കരിപ്പൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായാണ് സൂചന. പിടിയിലായവരില്‍ ഭരണകക്ഷി നേതാവായ ഒരാളുടെ അടുത്ത ബന്ധുവും ഉണ്ടെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടില്‍ എത്തിയത് മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറം ലോകം അറിഞ്ഞത്. പ്രത്യേക ആപ്പ് വഴിയാണ് പീഡനത്തിനു ഇരയായ ആണ്‍കുട്ടിയെ സംഘം പരിചയപ്പെട്ടത്.
