കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പേരിലും പൊതുജനങ്ങളുടെ കണ്ണില്‍ സര്‍ക്കാര്‍ പൊടിയിടുകയാണെന്നു മുസ്ലിം ലീഗ് മണ്ഡലം നേതാവ് കെ.ബി മുഹമ്മദ് കുഞ്ഞി അപലപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ എന്‍ഡോസള്‍ഫാന്‍ യോഗത്തില്‍ പത്ത് അജണ്ടകള്‍ പൂര്‍ണ്ണമായും ചര്‍ച്ചക്കെടുക്കാതെ മാറ്റിവച്ചു. എം.പിയുടെ നിര്‍ദ്ദേശം എല്ലാം ശരിവെച്ച് തടിതപ്പി എം.എല്‍.എമാര്‍ സംസാരിച്ച് കഴിഞ്ഞയുടന്‍ ചെയര്‍മാന്‍ യോഗം അവസാനിപ്പിച്ചു. സമരസമിതി നേതാക്കളുള്‍പ്പടെ സെല്ല് മെമ്പര്‍മാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കിയില്ല. മുളിയാറിലെ പുനരധിവാസ വില്ലേജ് അജണ്ടയിലുണ്ടായിരുന്നെങ്കിലും ചര്‍ച്ചക്ക് എടുത്തില്ല. മെഡിക്കല്‍ ക്യാമ്പില്‍ ഇരുപതിനായിരത്തിലധികം അപേക്ഷകര്‍ ഉണ്ടായിട്ടും പലരും എത്തിയില്ലെന്നു ഡി എം ഒ പറയുന്നു. പക്ഷേ ജനപ്രതിനിധികളൊ സെല്ല് മെമ്പര്‍മാരോ മാധ്യമങ്ങളോ അത്തരം ക്യാമ്പിനെ കുറിച്ച് അറിഞ്ഞില്ല. എല്ലാം സ്വകാര്യമാക്കി വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തട്ടിക്കൂട്ടിയ മീറ്റിംഗ് മാത്രമായിരുന്നു ഇതെന്നും ഈ തട്ടിപ്പില്‍ സെല്ല് മെമ്പര്‍ എന്ന നിലയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അറിയിപ്പില്‍ പറഞ്ഞു.
