കുമ്പള: കുമ്പള ദേശീയപാത ടോള്‍ബൂത്ത് ആക്ഷന്‍ കമ്മറ്റിയില്‍ നിന്നു എസ് ഡി പി ഐയെ ഒഴിവാക്കിയെന്നു അക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ സി എ സുബൈര്‍ അറിയിച്ചു.
ടോള്‍ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിനെതിരെ എസ് ഡി പി ഐയുടെ ജില്ലാ കമ്മറ്റി അംഗം കുത്തിത്തിരിപ്പുണ്ടാക്കുകയാണെന്നും എസ് ഡി പി ഐയുടെ മറ്റു ഭാരവാഹികള്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നിന്ന് അഭ്യാസം കാണിക്കുകയാണെന്നും അറിയിപ്പില്‍ സുബൈര്‍ പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തെ തള്ളിപ്പറയുന്നവരെയും സമരത്തെ അപകീര്‍ത്തിപ്പെടുന്നവരെയും ആക്ഷന്‍ കമ്മറ്റിക്കെതിരെ നുണ പ്രചരണം നടത്തുന്നവരെയും ദേശീയപാതയെ സഹായിക്കുന്ന തരത്തില്‍ ആക്ഷന്‍ കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ വോയ്‌സ് ഇടുന്നവരെയും സമരസമിതി നേതാക്കള്‍ ഒന്നിച്ചു നിന്നു പ്രതിരോധിക്കണമെന്നു അറിയിപ്പില്‍ പറഞ്ഞു. സമരത്തെ തള്ളിപ്പറയുകയും ആക്ഷന്‍ കമ്മിറ്റിയില്‍ കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്യുന്നവരെ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരും പ്രതിരോധിക്കണമെന്ന് സുബൈര്‍ പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗംആക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്തിറങ്ങുമ്പോള്‍ കമ്മിറ്റിയില്‍പ്പെട്ട എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും അതേ അംഗത്തെ പിന്തുണച്ചു നിലയുറപ്പിക്കുന്നു. അത്തരക്കാര്‍ ആക്ഷന്‍ കമ്മിറ്റിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലാത്തതുകൊണ്ടാണ് എസ് ഡി പി ഐ യെ ആക്ഷന്‍ കമ്മിറ്റിയില്‍ നിന്നും ആക്ഷന്‍ കമ്മറ്റിയുടെ എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ഒഴിവാക്കുന്നതെന്നു സി പി എം ഏരിയാ സെക്രട്ടറി കൂടിയായ സി എ സുബൈര്‍ അറിയിച്ചു.
