ഭുവനേശ്വര്‍: സ്‌കൂളിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം കാല്‍ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ അധ്യാപിക മുളവടി ഉപയോഗിച്ച് തല്ലിച്ചതച്ചു. പ്രതിഷേധം ശക്തമായതോടെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് സംഭവം. സുകന്തി കര്‍ എന്ന അധ്യാപികയാണ് കുട്ടികളെ തല്ലിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ നിന്നുള്ള 31 വിദ്യാര്‍ത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്. അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളും ഇവരുടെ മാതാപിതാക്കളും നല്‍കിയ പരാതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. ഒഡിഷ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള സ്‌കൂളിലാണ് സംഭവം. രാവിലെ അസംബ്ലിയിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ ക്ലാസ് മുറികളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്കാണ് അടിയേറ്റത്. തന്റെ കാലില്‍ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോയ വിദ്യാര്‍ത്ഥികളെ അധ്യാപിക പിന്തുടര്‍ന്ന് ചെന്ന് തല്ലുകയായിരുന്നുവെന്നാണ് പരാതി.
