കാസര്‍കോട്: ജില്ലയുടെ തീരത്ത് അനധികൃത മത്സ്യ ബന്ധനം നടത്തിയ നാല് ബോട്ടുകള്‍ പിടികൂടി ഫിഷറീസ് വകുപ്പ് 9 ലക്ഷം രൂപ പിഴ ഈടാക്കി. അഴിത്തലയില്‍ ഫിഷറീസ് വകുപ്പ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്- കോസ്റ്റല്‍ പൊലീസ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകള്‍ പിടികൂടിയത്. കോഴിക്കോട് നിന്നുള്ള ഗ്രാന്‍ഡ്, ഉമറുള്‍ ഫാറൂക്ക്, കണ്ണൂര്‍ നിന്നുള്ള സീ ഫ്‌ലവര്‍, കര്‍ണാടകയില്‍ നിന്നുള്ള സുരക്ഷാ എന്നീ ബോട്ട് ഉടമകള്‍ക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെഎ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിംങിലെ ശരത്കുമാര്‍, അര്‍ജുന്‍, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സുനീഷ്, ബേക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ സജിത്ത്, കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ ഗിരീഷ്, സീ റെസ്‌ക്യു ഗാര്‍ഡുമാരായ അജീഷ് കുമാര്‍, ശിവകുമാര്‍, സേതു മാധവന്‍, മനു സ്രാങ്ക് മുഹമ്മദ് ഇക്ബാല്‍, ഡ്രൈവര്‍ അഷറഫ്, ഡ്രൈവര്‍ സതീശ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. നിരോധിച്ചിട്ടുള്ള വല നിര്‍മ്മിക്കുന്നതും കൈവശം വയ്ക്കുന്നതും ഗതാഗതം ചെയ്യുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
