കാസര്‍കോട്: തൊഴില്‍രഹിതരായ പാവപ്പെട്ട യുവതികളെ സര്‍ക്കാരിന്റെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കബളിപ്പിച്ചു വിട്ടു. ഇന്നു (ചൊവ്വ) രാവിലെ ഏഴു മണിക്കു എഴുത്തു പരീക്ഷക്കു പരീക്ഷാ കേന്ദ്രങ്ങളിലെത്തണമെന്നു നേരത്തെ പി.എസ്.സി അറിയിച്ചിരുന്നു. ഈ അറിയിപ്പുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ ഉദ്യോഗാര്‍ത്ഥികള്‍ എത്തുകയും പരീക്ഷാ സമയം ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റുപോലും തുറക്കാതിരുന്നതിനെത്തുടര്‍ന്നു പരിഭ്രാന്തരായ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ് സിയുടെ സൈറ്റില്‍ നോക്കിയപ്പോള്‍ ഇന്നു നടക്കേണ്ട പരീക്ഷ മാറ്റി വച്ചതായി ഇന്നലെ ഇട്ട അറിയിപ്പു കണ്ടു. പിഎസ് സിയെയും സര്‍ക്കാരിന്റെ തൊഴില്‍രഹിതരോടുള്ള ആത്മാര്‍ത്ഥതയെ പ്രശംസിച്ചു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ വന്ന വഴിയേ സ്വയം ശപിച്ചുകൊണ്ട് അവര്‍ തിരിഞ്ഞു നടന്നു. 2024 ലാണ് സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പില്‍ ആയ, കെയര്‍ടേക്കര്‍ തസ്തികകളിലേക്കു പി എസ് സി അപേക്ഷ ക്ഷണിച്ചത്. പ്രതീക്ഷയോടെ അപേക്ഷയയച്ചു എഴുത്തു പരീക്ഷയ്ക്കു ഒരു വര്‍ഷത്തോളമായി കാത്തിരുന്ന യുവതികളെയും വനിതകളെയുമാണ് അധികൃതര്‍ വഞ്ചിച്ചുവിട്ടത്. ഇന്നു പരീക്ഷയെഴുതാന്‍ പരീക്ഷാ സെന്ററുകളില്‍ എത്തിയവരില്‍ പലരും ഇനിയൊരു പരീക്ഷയെഴുതാന്‍ പ്രായപരിധി അനുവദിക്കാത്തവരാണെന്നു പറയുന്നു. ഇന്നു പരീക്ഷ മാറ്റി വച്ച വിവരം നേരത്തെ പത്രങ്ങളില്‍ അറിയിക്കേണ്ടതായിരുന്നു. അല്ലാത്ത പക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കു സന്ദേശമയക്കാമായിരുന്നു. ലക്ഷങ്ങളും ആര്‍ഭാട സൗകര്യങ്ങളും, ഒരു പഞ്ഞവുമില്ലാത്ത വട്ടിപ്പലിശക്കു കടമെടുത്തു ശമ്പളവും ആനുകൂല്യങ്ങളും കൊടുത്തു പി എസ് സിയില്‍ പ്രതിഷ്ഠിക്കുന്നവര്‍ക്കു തൊഴിലില്ലാതെ വിഷമിക്കുന്നവരുടെ സങ്കടമറിയേണ്ടല്ലോ. എന്നാല്‍ അവരെ പ്രതിഷ്ഠിച്ച സര്‍ക്കാര്‍ അവരെന്താണ് അവിടിരുന്നു ചെയ്യുന്നതെന്നു അന്വേഷിക്കേണ്ടതല്ലേ? അതിന് അവര്‍ക്കും സമയമില്ലാതായാല്‍ പിന്നെ സഹിക്കുകയല്ലോ മാര്‍ഗമുള്ളു. ഇനി ഇങ്ങനെ എത്രകാലം സഹിക്കണമെന്ന വ്യഥ ഉദ്യോഗാര്‍ത്ഥികള്‍ മൗനം കൊണ്ടു പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കാസര്‍കോട് തളങ്കര വിഎച്ച്എസ്എസിലായിരുന്നു പരീക്ഷാ സെന്റര്‍.
