മംഗ്‌ളൂരു: റോഡിനു കുറുകെ ഓടിയ കലമാനിന്റെ മേല്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ യുവ എഞ്ചിനീയര്‍ മരിച്ചു. കുന്ദാപുരം, കമലശിലെ, നെല്ലിക്കട്ടയിലെ ശ്രേയസ് മൊഗവീര (22)യാണ് മരിച്ചത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് വിപേഷി(19)നു സാരമായി പരിക്കേറ്റു. ഇയാളെ കുന്ദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അപകടം. ബംഗ്‌ളൂരുവിലെ ഒരു ഐ ടി കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന ശ്രേയസ് വാരാന്ത അവധിക്കാണ് നാട്ടില്‍ എത്തിയത്. ഞായറാഴ്ച രാത്രി തിരികെ ജോലി സ്ഥലത്തേയ്ക്ക് പോകാനിരിക്കെയാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. ബൈക്കിടിച്ച് കൊമ്പു ഒടിഞ്ഞു പോയ കലമാനും ചത്തു. കൊമ്പ് വയറില്‍ തുളച്ചു കയറിയതാണ് മരണ കാരണമായത്.
പന്നിയും കാട്ടുപോത്തും ഇടിച്ച് വാഹനാപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കലമാന്‍ ഇടിച്ചുണ്ടായ അപകടങ്ങള്‍ അപൂര്‍വ്വമാണെന്നു നാട്ടുകാര്‍ പറയുന്നു.
