കുമ്പള: തീരദേശ മേഖലകളില്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ്(മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി)നു തുരുമ്പെടുത്തു. കേന്ദ്രത്തില്‍ കാടു കയറിക്കൊണ്ടിരിക്കുന്നു.
കുമ്പള പഞ്ചായത്ത് 2021-22 ല്‍ ശുചിത്വമിഷന്റെ ഭാഗമായി തീരദേശ മേഖലകളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്ന് ഹരിത കര്‍മ്മ സേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ് ഇരുമ്പ് കൂടുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്.
പെറുവാട് കടപ്പുറത്ത് പി എസ് സി ഗ്രൗണ്ടിനും വാട്ടര്‍ ടാങ്കിനും സമീപത്തു സ്ഥാപിച്ച മിനി എം സി എഫ് ഇതിനകം തുരുമ്പെടുത്ത് പൂര്‍ണ്ണമായും തകര്‍ന്നു. മാലിന്യം പൊതുസ്ഥലങ്ങളിലും റോഡ് വക്കിലും വലിച്ചെറിയുന്നതിന് പകരം അവ ശേഖരിച്ചുവക്കാന്‍ ശുചിത്വമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച കൂടുകള്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. കുമ്പള ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം എം സി എഫ് കൂടുകള്‍ സ്ഥാപിച്ചിരുന്നു.ഇതില്‍ തീരദേശ മേഖലയില്‍ ഉള്ളവയാണ് ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്നത്. കൂടുകളില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് ഇവിടെ നിന്ന് രണ്ടാഴ്ചയില്‍ ഒരിക്കല്‍ തരംതിരിച്ച് കൊണ്ടുപോകുന്നത്.
