കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷ കണക്കിനു രൂപ തട്ടിയ കേസിൽ അറസ്റ്റിലായ തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യ്ക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസിൽ മാത്രം ലഭിച്ചത് 28 പരാതികൾ . ഗൗതം കൃഷ്ണയെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ബംഗ്ളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിസ തട്ടിപ്പിലൂടെ കൈക്കലാക്കിയ ലക്ഷങ്ങളുമായി ബംഗ് ളൂരുവിലെത്തി ആഢംബര ജീവിതം നയിച്ചു വരുന്നതിനിടയിലാണ് ഗൗതം കൃഷ്ണ പൊലീസിന്റെ പിടിയിലായത് . കർണാടക, മടിക്കേരി സ്വദേശിയായ ചന്ദ്ര എന്ന ആളാണ് വിസ തട്ടിപ്പിന്റെ സൂത്രധാരൻ എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ തുകയിൽ നിന്നു നല്ലൊരു ഭാഗവും ഇയാൾ കൈക്കലാക്കിയതായും ഗൗതം കൃഷ്ണ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മടിക്കേരി സ്വദേശിയെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ് . ജർമ്മൻ വിസ കൂടാതെ നിരവധി പേർക്ക് റഷ്യൻ വിസയും സംഘം സംഘടിപ്പിച്ചു നൽകിയതായും സൂചനയുണ്ട്. ഇതേ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. പുതുക്കൈ, കാർത്തിക, ഗുരുവനം കുരിക്കൾ വീട്ടിലെ കെ.വി. നിതിൻ ജിത്ത് നൽകിയ പരാതിപ്രകാരമുള്ള കേസിലാണ് ഗൗതം കൃഷ്ണയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരനും രണ്ടു സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമ്മൻ വിസ വാഗ്ദാനം നൽകി രണ്ടര ലക്ഷം രൂപ അക്കൗണ്ട് വഴി കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്. ഇതേ സംഘത്തിലെ മറ്റൊരു പ്രതിയായ പി.എസ് നന്ദുവിനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.
