കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്‌സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ക്ലബ്ബ് നൽകിയ ഫർണിച്ചറുകൾ ജില്ലാ പൊലീസ് മേധാവി യുടെ നിർദ്ദേശത്തെതുടർന്ന് ബേക്കൽ പൊലീസ് തിരിച്ചു കൊടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി ബേക്കൽ പൊലീസ് നേരത്തെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വച്ചാണ് സoഭവത്തിന്റെ തുടക്കം. അന്നു യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇരിക്കുവാൻ കസേര ഉണ്ടായിരുന്നില്ല. യോഗത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ പരിമിതികൾ ഏറ്റുപറഞ്ഞിരുന്നുവത്രെ. ഇതു കേട്ട് പൂച്ചക്കാട് ഭാഗത്തെ ഒരു ക്ലബ്ബ് 10 കസേരകൾ വാഗ്ദാനം ചെയ്യുകയും സ്റ്റേഷനിലേയ്ക്ക് അവ എത്തിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മൗവ്വൽ , പരയങ്ങാനത്തെ മറ്റൊരു ക്ലബ് പത്തു കസേരകളുമായെത്തി. ഇവ കൈമാറിയ ചടങ്ങിൽ അമ്പലത്തറയിൽ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതി സംബന്ധിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ ബേക്കൽ സ്റ്റേഷനിൽ ചുമതലയേറ്റ പൊലീസ് ഉദ്യോഗസ്ഥന് കളള നോട്ട് കേസിലെ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കസേരകൾ കൈമാറുന്നതിന്റെ ഫോട്ടോ പ്രസ്തുത പ്രതി എടുക്കുകയും പണം മുടക്കിയത് താനാണെന്നു പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായതും ജില്ലാ പൊലീസ് മേധാവി ഇടപെ ട്ടതെന്നുമാണ് സൂചന. അതേസമയം പ്രതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
