ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ഇത്തവണ സെപ്റ്റംബർ 14നാണ് ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ശോഭായാത്രയ്‌ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാ ബാലന്മാർ ശോഭായാത്രയ്‌ക്ക് നിറപ്പകിട്ടേകും. ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. ബാലദിനമായാഘോഷിക്കുന്ന ജന്മാഷ്ടമിയെ വരവേൽക്കാൻ ബാലഗോകുലം വലിയ ഒരുക്കങ്ങളിലാണ്. അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ അടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളുമായി വലിയ ആഘോഷമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി അക്ഷരാർത്ഥത്തിൽ അമ്പാടിയാകും.
