കുമ്പള: ക്ലാസിലിരുന്ന വിദ്യാര്‍ത്ഥിയെ ഹിപ്‌നോട്ടിസം പഠിപ്പിച്ച കളരി ഗുരുക്കന്മാരുടെയും അവരുടെ ആശാനായ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും കുമ്പള പൊലീസ് താക്കീതു ചെയ്തു വിട്ടയച്ചു. സ്‌കൂളധികൃതരും അധ്യാപകരും ഇത്തരത്തിലുള്ള നികൃഷ്ട പരിപാടികള്‍ക്കു സ്‌കൂളിനെ കളരിയാക്കരുതെന്നും അക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഇത്തരം ഏര്‍പ്പാടുകള്‍ക്കെതിരെ ബോധവല്‍ക്കരണം തുടരണമെന്നും ധിക്കാരികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുന്നറിയിച്ചു.
രാവിലെ സ്‌കൂളിലേക്കു പുറപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പിന്നെ എന്തൊക്കെ ചെയ്യുന്നുവെന്നു തങ്ങള്‍ അറിയുന്നില്ലെന്നു രക്ഷിതാക്കള്‍ നിസ്സഹായത പ്രകടിപ്പിച്ചു. എങ്കിലും സ്‌കൂളിനു ചീത്തപ്പേരു വന്നാല്‍ അത് മറ്റു സ്‌കൂളുകള്‍ മുതലെടുക്കുമെന്നു സ്‌കൂളധികൃതരും അധ്യാപകരും ആവര്‍ത്തിക്കുന്നതു കൊണ്ടു പരാതികളില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നു രക്ഷിതാക്കളും പറഞ്ഞു.
മുട്ടം സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹിപ്‌നോട്ടിസമെന്ന പേരില്‍ അക്രമത്തിനു ക്ലാസ് കൊടുത്തതെന്ന കളരി ശിഷ്യന്മാരുടെ അറിയിപ്പിനെ തുടര്‍ന്നാണ് ആശാനായ വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനെയും വിളിപ്പിച്ചതെന്നു പറയുന്നു.
ഇത്തരം ഏര്‍പ്പാടുകള്‍ക്കെതിരെ മുട്ടം സ്‌കൂള്‍ നിരന്തര ബോധവല്‍ക്കരണം നടത്തണം. മറ്റു സ്‌കൂളുകളോടു ഇക്കാര്യം പൊലീസ് നിര്‍ദ്ദേശിക്കുമെന്നും പൊലീസ് പറഞ്ഞു.
ഭാവിയില്‍ സ്‌കൂള്‍ സമാധാന അന്തരീക്ഷത്തിനു ഭംഗമുണ്ടാക്കുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും പൊലീസ് ആവര്‍ത്തിച്ചു. ഇപ്പോഴത്തെ സംഭവത്തിനു താക്കീത് നല്‍കിയ പൊലീസ് ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശിച്ചു.
