കാസര്‍കോട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ ജില്ലാ തലത്തില്‍ മികച്ച പച്ചതുരുത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ചെമ്മനാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.
പഞ്ചായത്തു 12-ാം വാര്‍ഡിലെ കുന്നുപാറയിലെ മുളന്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്. സെപ്റ്റംബര്‍ 16-ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.
ചെമ്മനാട് പഞ്ചായത്തിന്റെ പരിധിയില്‍ നിരവധി കാവുകളും പച്ചതുരുത്തുകളും സംരക്ഷിച്ച് വരുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ആറു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുന്നുപാറ മുളന്തുരുത്ത്.
2019-20 വര്‍ഷത്തില്‍ ‘ബാംബൂ ക്യാപിറ്റല്‍ ഓഫ് കേരള’ പദ്ധതിയുടെ ഭാഗമായി 1500-ത്തിലധികം മുള തൈകള്‍ ഇവിടെ നട്ടിരുന്നു. മണ്ണു കുറവായും ചെങ്കല്ല് പാറകള്‍ നിറഞ്ഞിരുന്നതുമായ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിനും മുളയുടെ വളര്‍ച്ചയ്ക്കും അനുയോജ്യമാണെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കിയത്. വര്‍ഷങ്ങളോളം തരിശായി കിടന്നിരുന്ന കല്ലട്ര മാഹിന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇതിനായി ഉപയോഗിച്ചത്.
മുളന്തുരുത്തിന്റെ പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും മികവിലൂടെ ഇന്നത് ഏറ്റവും ആകര്‍ഷകമായ പച്ചത്തുരുത്തായി മാറിക്കഴിഞ്ഞു. പരിസ്ഥിതി നിലനില്‍പ്പിനും ജൈവവൈവിധ്യ സംരക്ഷണത്തിനും വലിയ സംഭാവന ചെയ്യുന്ന ഈ മിനി മുളവനം, മഴവെള്ള സംഭരണം, മണ്ണിന്റെ നിലവാരം മെച്ചപ്പെടുത്തല്‍, ഹരിത കവര്‍ വര്‍ധന തുടങ്ങി നിരവധി മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
