കാസര്‍കോട്: വലിയ പിക്കപ്പ് വാനില്‍ നിറയെ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുത്തിഗെ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ പേരാല്‍ കണ്ണൂര്‍ സിദ്ധിവയലിലെ കല്ലുവെട്ടുകുഴിയില്‍ തള്ളുന്നതു നാട്ടുകാര്‍ പതിയിരുന്നു പിടിച്ചതോടെ പിക്കപ്പിലുണ്ടായിരുന്ന രണ്ടു പേര്‍ വാഹനമുപേക്ഷിച്ചു രക്ഷപ്പെട്ടു. ഇന്ന് (ഞായര്‍) അതിരാവിലെയായിരുന്നു ഇത്. നാട്ടുകാര്‍ വിവരം കുമ്പള പൊലീസിനെ അറിയിക്കുകയും എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിക്കപ്പും അതിലുണ്ടായിരുന്ന പ്ലാസ്റ്റിക് വേസ്റ്റുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറി ഉടമയെ വിളിപ്പിക്കാനും ലോറി ജീവനക്കാരുടെ വിവരം ശേഖരിച്ച് അവരെ പിടികൂടാനുമുള്ള ശ്രമത്തിലാണ് പൊലീസ്.

നിയമപരമായും നിയമവിരുദ്ധമായും സിദ്ധിവയല്‍ പരിസരങ്ങളിലും പേരാല്‍-കണ്ണൂര്‍ മേഖലകളിലും വ്യാപകമായി ചെങ്കല്‍ പണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കല്ലുവെട്ടി വന്‍ തുകക്ക് വിറ്റ ശേഷം പതാളക്കുഴികളായ പണകള്‍ അപ്പടി ഉപേക്ഷിച്ച് കല്ലുവെട്ടു സംഘം മടങ്ങുകയാണ്. നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയാവുന്ന ഇത്തരം പണകളിലാണ് പ്ലാസ്റ്റിക് മാലിന്യ സംഘം അവ കൊണ്ടു വന്നു നിക്ഷേപിക്കുന്നത്. പ്രകൃതിക്കു വന്‍ ഭീഷണിയായ ഈ ഏര്‍പ്പാട് അടുത്തിടെ ഈ മേഖലയില്‍ വ്യാപകമായി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യ നിക്ഷേപകരെ പിടികൂടാന്‍ നാട്ടുകാര്‍ സംഘടിച്ചത്. രാവിലെ പിക്കപ്പ് വാന്‍ വരുന്നതും കല്ലുവെട്ടു കുഴിക്കടുത്ത് നിറുത്തി മാലിന്യങ്ങള്‍ കുഴിയില്‍ തള്ളാന്‍ തുടങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടയില്‍ ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് നടപടി ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്.