കാസർകോട്: കാഞ്ഞങ്ങാട് ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് സംഭവം. മംഗ്ളൂരു വിമാന താവളത്തിൽ പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് ,പുഞ്ചാവിയിലെ സമദ് ഓടിച്ചിരുന്ന പുത്തൻ ക്രെറ്റ കാർ അപകടത്തിൽപ്പെട്ടതോടെയാണ് നാടകീയ സംഭവത്തിന്റെ തുടക്കം. കാർ കാഞ്ഞങ്ങാട് ടിബി റോഡിൽ എത്തിയപ്പോൾ പള്ളിക്കു സമീപത്തു റോഡരുകിൽ നിർത്തിയിരുന്ന എ.ബി.സി ഡ്രൈവിംഗ് സ്കൂളിന്റെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഡ്രൈവിംഗ് സ്കൂളിന്റെ കാർ തൊട്ടടുത്തെ ട്രാൻസ്ഫോർമറിലേയ്ക്ക് ഇടിച്ചു കയറി. ഇതോടെ ട്രാൻസ്ഫോർമറിലേയ്ക്കുള്ള വയർ മുറിഞ്ഞ് സ്പാർക്ക് ഉണ്ടാവുകയും കാറിനു തീപിടിക്കുകയുമായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്തു തന്നെയുള്ള ഫയർഫോഴ്സ് എത്തി തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ക്രെറ്റ കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
