റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അതിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നും അറിയിച്ചു. ഭൂകമ്പം സുനാമിക്ക് കാരണമായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓഗസ്റ്റിലും ജൂലൈയിലും റഷ്യ വലിയ ഭൂചലനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഓഗസ്റ്റിലുണ്ടായ ഭൂചലനത്തില്‍ 6 തീവ്രത രേഖപ്പെടുത്തിയിരുന്നു. ജൂലൈയില്‍ കാംചത്ക ഉപദ്വീപില്‍ വലിയ ഭൂചലനം ഉണ്ടായിരുന്നു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളില്‍ 12 അടി ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സുനാമിക്ക് പിന്നാലെ 600 വര്‍ഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 15000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
