കാസര്‍കോട്: ദേശീയ പാതക്കു സര്‍വീസ് റോഡുണ്ടാക്കുന്നതിനിടെ കല്ലങ്കൈ എ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഭീതിയോട് ചേര്‍ന്ന് മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. കെട്ടിടം ഏത് നിമിഷവും ദേശീയപാതയിലേക്ക് തകര്‍ന്നുവീണേക്കാം എന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
ദേശീയപാതയുടെ സര്‍വീസ് റോഡിന് അരികില്‍ നടപ്പാതയ്ക്ക് വേണ്ടി നിര്‍മ്മാണ കമ്പനി മണ്ണെടുത്തപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നു പറയുന്നു.
തകര്‍ച്ചാ ഭീഷണിയിലായിരുന്ന കെട്ടിടം സ്‌കൂള്‍ അധികൃതര്‍ നേരത്തെ അടച്ചിട്ടിരിക്കുകയാണ്. ഇതുനിമിഷവും അപകടമുണ്ടായേക്കാവുന്ന അവസ്ഥയിലെത്തിയിട്ടും കെട്ടിടം അവിടെത്തന്നെ നിലനിറുത്തുന്ന സമീപനത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നുണ്ട്.
ഈ കെട്ടിടത്തിനു പകരം പുതിയ കെട്ടിടം ഉണ്ടാകുകയും ക്ലാസുകള്‍ അങ്ങോട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പഴയ കെട്ടിടം അവിടെത്തന്നെ നിലനിറുത്തിയിരിക്കുന്നത് ഇപ്പോള്‍ ദേശീയപാതയ്ക്ക് ഭീഷണിയായി മാറിക്കഴിഞ്ഞു. മാത്രമല്ല. സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായതിനാല്‍ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും വലിയ ആശങ്കയുമുണ്ട്. മുന്നൂറില്‍ പരം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.
